Special News
ജയിലുകളിൽ പോകാൻ ആർക്കും ഇഷ്ടമല്ല. എങ്കിലും കുറ്റവാളികൾ ഉള്ള കാലത്തോളം ജയിലുകളുമുണ്ടാകും. കുപ്രസിദ്ധിയാണ് ജയിലുകളുടെ കൂടപ്പിറപ്പ്. ലോകത്തിലെ എട്ടു കുപ്രസിദ്ധ ജയിലുകളെ പരിചയപ്പെടാം.
1. ADX ഫ്ലോറൻസ് - യുഎസ്എ
ഏറ്റവും അപകടകാരികളായ കുറ്റവാളികൾക്കുള്ള അമേരിക്കയിലെ സൂപ്പർ മാക്സ് ജയിൽ. അതാണ് അഡ്മിനിസ്ട്രേറ്റീവ് മാക്സിമം ഫെസിലിറ്റി (എഡിഎക്സ്) ജയിൽ.
രാജ്യത്തെ മറ്റ് ജയിലുകളിലെ നിരവധി സുരക്ഷാലംഘനങ്ങൾക്കു മറുപടിയായി 1994ൽ തുറന്നതാണിത്. മനുഷ്യരുടെ ഇടപെടലിന്റെ അഭാവമാണ് കൊളറാഡോയിലുള്ള ഈ ജയിലിന്റെ കുപ്രസിദ്ധമായ ഒരു സവിശേഷത. തികഞ്ഞ ഏകാന്തവാസം. തടവുകാർ ഗാർഡുകളെയോ മറ്റ് തടവുകാരെയോ കാണില്ല. എന്തിന്, വെളിച്ചംപോലും തീരെക്കുറച്ച്. ഏകാന്തത ചിലരെയെങ്കിലും ഭ്രാന്തിലും ആത്മഹത്യയിലുമെത്തിക്കും. ഒരു മുൻ വാർഡൻതന്നെ "നരകത്തിന്റെ ശുദ്ധമായ പതിപ്പ്' എന്നാണ് ജയിലിനെ വിശേഷിപ്പിച്ചത്.
2. ദിയാർബക്കിർ ജയിൽ - തുർക്കി
മനുഷ്യാവകാശ ലംഘനങ്ങളിൽ മുൻപന്തിയിലാണ് തുർക്കിയിലെ ദിയാർബക്കിർ ജയിൽ. 1980-ലാണ് ഈ ജയിൽ തുറന്നത്. ആസൂത്രിതമായ പീഡനം, ഭക്ഷണമില്ലായ്മ, മർമസ്ഥാനങ്ങളിൽ ഷോക്കേൽപ്പിക്കൽ, ലൈംഗികാതിക്രമം തുടങ്ങിയവ ജയിൽ തുടങ്ങിയപ്പോഴേയുണ്ട്.
കൗമാരക്കാരടക്കം നൂറുകണക്കിന് തടവുകാർ ഇവിടെ കൊല്ലപ്പെട്ടു. 1996ലെ കരുതിക്കൂട്ടിയുള്ള ആക്രമണത്തിൽ 10 അന്തേവാസികൾ വെടിയേറ്റ് മരിച്ചു. നിരവധിപേർക്കു പരിക്കേറ്റു. അടച്ചുപൂട്ടണമെന്നു മുറവിളിയുണ്ടെങ്കിലും ജയിൽ ഇപ്പോഴും പഴയപടിതന്നെ. തെറ്റുതിരുത്താനുള്ള ഇടം എന്നൊക്കെ പറയുമെങ്കിലും തെറ്റുകളുടെ ഘോഷയാത്രയല്ലേ നമ്മുടെ ജയിലുകളിൽ?
3. ഗിറ്ററാമ സെൻട്രൽ ജയിൽ - റുവാണ്ട
ഭൂമിയിലെ നരകമാണിത്. റുവാണ്ടയിലെ ഗിറ്ററാമ സെൻട്രൽ ജയിൽ. 400 പേർക്ക് ഉദ്ദേശിച്ച ജയിലാണ്. എന്നാൽ 1990കളിലെ റുവാണ്ടൻ വംശഹത്യയെത്തുടർന്ന് ഏഴായിരത്തോളം പേരെയാണ് ഇങ്ങോട്ടു തള്ളിയത്. കിടക്കാൻ ഇടമില്ല. ഒരു ചതുരശ്രയടിയിൽ നാലുപേർ വീതം. അന്തേവാസികൾ പരസ്പരം കൊന്നു തിന്നുന്നതു പോലുള്ള പട്ടിണി. ഈ സാഹചര്യത്തിൽ ഏറ്റുമുട്ടലുകൾ സാധാരണമാകുന്നത് സ്വാഭാവികം. കൊലകളും അതിലേറെ സ്വാഭാവികമാണിവിടെ.
4. ക്യാമ്പ് 22 - ഉത്തര കൊറിയ
ഹേങ്യോങ് കോൺസെൻട്രേഷൻ ക്യാമ്പ് എന്നറിയപ്പെടുന്ന ക്വാൻ-ലി-സോ 22, രാഷ്ട്രീയ തടവുകാരെ പാർപ്പിക്കാൻ 1965ൽ നിർമിച്ചതാണ്. നാസി തടങ്കൽപ്പാളയങ്ങളെ ഓർമിപ്പിക്കുന്ന തടവറ. കുറ്റവാളികളുടെ കുടുംബങ്ങളും ഇവിടെ ആജീവനാന്ത തടവിലാണ്. കഠിനാധ്വാനത്തിനു പുറമേയാണ് പലതരം പീഡനങ്ങൾ. പട്ടിണിയും തടവുകാരെ അടിച്ചേൽപ്പിക്കുന്നു. ശിശുക്കൾ ഉൾപ്പെടെ മാരകമായ ശാസ്ത്രീയ പരീക്ഷണങ്ങൾക്കും വിധേയരാകുന്നു. 90-കളിൽ ജയിലിൽ 50,000 തടവുകാരാണ് ഉണ്ടായിരുന്നത്. രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ കുടുംബത്തോടെ വധിക്കുന്നതാണ് ഇവിടുത്തെ രീതി.
ഭരണക്കാർ ആരായാലും ജയിലറകളുടെ സ്വഭാവം ഒന്നുതന്നെ. അല്ലേ?
5. സാല്‍വദോറിലെ മെഗാ ജയില്‍
എല്‍ സാല്‍വദോറിന്റെ തലസ്ഥാനമായ സാന്‍ സാല്‍വദോറില്‍നിന്ന് 74 കിലോമീറ്റര്‍ അകലെ ടെകോലുകയിൽ പുതിയൊരു ജയിലുണ്ട്. അമേരിക്കന്‍ ഭൂഖണ്ഡത്തിലെതന്നെ ഏറ്റവും വലിപ്പമുള്ള ഈ ജയിലെന്നാണ് അവകാശവാദം. എട്ട് കൂറ്റന്‍ കെട്ടിടങ്ങൾ.
ആകെ 256 സെല്ലുകളും. ഓരോ സെല്ലിലും നൂറിലേറെ തടവുകാരെ പാര്‍പ്പിക്കാനാവും. പക്ഷേ, ഒരു സെല്ലില്‍ രണ്ട് സിങ്കുകളും രണ്ട് ടോയ്ലറ്റും മാത്രമാണുള്ളത്. കൊള്ളസംഘക്കാരെ മാത്രം പാര്‍പ്പിക്കാനുള്ളതാണ് ഈ ജയിൽ. അടിവസ്ത്രം മാത്രം ധരിച്ച് നഗ്നപാദരായി കാലും കൈയും ചങ്ങലകളിട്ടു പൂട്ടിയാണ് തടവുകാരെ ജയിലിലേക്കു മാറ്റുന്നത്. എല്ലാവരും ശരീരത്തില്‍ പച്ചകുത്തിയിട്ടുണ്ട്. തലമൊട്ടയടിച്ചിരിക്കുന്നു. രണ്ടായിരം തടവുകാരെ സുരക്ഷാജീവനക്കാര്‍ യാതൊരു ദയയുമില്ലാതെ അടിച്ചോടിക്കുകയും പിടിച്ചു വലിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ കഥ മാറി. സെല്ലുകളിലേക്കു കൊണ്ടുപോകുന്നതിനു മുമ്പ് തലയ്ക്കു പിന്നില്‍ കൈകള്‍ പിടിച്ചു നിലത്തിരുത്തിയിരിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും പുറത്തുവന്നു. ഇതോടെ ബുകെലെ സര്‍ക്കാരിന്റെ അഭിമാനമെന്നു വിശേഷിപ്പിക്കപ്പെട്ട ജയിൽ കുപ്രസിദ്ധിയിലായി.
6. ലൂസിയാന സ്റ്റേറ്റ് പെനിറ്റൻഷ്യറി
അമേരിക്കയിലെ വലിയ ജയിൽ. മുമ്പ് അംഗോള ജയിൽ എന്നറിയപ്പെട്ടിരുന്നു. അയ്യായിരത്തിലധികം തടവുകാർ ഇവിടെ താമസിക്കുന്നു. ജയിലിലുള്ള വലിയ ഫാമിൽ തടവുകാരെ കഠിനമായി പണിയെടുപ്പിക്കും. മനുഷ്യാവകാശ ലംഘനങ്ങളും ദുരുപയോഗവും ഇവിടെനിന്നു റിപ്പോർട്ട് ചെയ്യുന്നുണ്ട്. കാവൽക്കാരനെ കൊന്നുവെന്നാരോപിച്ചു തടവുകാരായ ദമ്പതിമാരെ 40 വർഷത്തോളം ഏകാന്ത തടവിൽ പാർപ്പിച്ച ചരിത്രവുമുണ്ട്.
7. ടാഡ്മോർ ജയിൽ - സിറിയ
ലോകത്തിലെ കുപ്രസിദ്ധമായ ജയിലുകളിലൊന്ന്. അടിച്ചമർത്തലിനു പേരു കേട്ടതാണ് ഈ സിറിയൻ ജയിൽ. തുടക്കം മുതൽ പീഡനങ്ങൾക്കൊരു കുറവുമില്ല. 1980 ജൂണിൽ ജയിലിൽ വലിയൊരു കൂട്ടക്കൊല നടന്നു. അന്നത്തെ പ്രസിഡന്റ് ഹഫീസ് അൽ-അസദിനെതിരായ വധശ്രമത്തിന്റെ പ്രതികാരം. ഈ ശുദ്ധീകരണത്തിൽ ആയിരത്തിലധികം പേർക്കു ജീവൻ നഷ്ടപ്പെട്ടു. അൽ-അസദിന്റെ മരണശേഷം ഇത് അടച്ചെങ്കിലും വീണ്ടും തുറന്നു. 2015 മേയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഇതു തകർത്തു.
8. മറാകൈബോ ജയിൽ - വെനസ്വേല
അധോലോക സംഘങ്ങൾ ഭരിക്കുന്ന വെനസ്വേലയിലെ മറാകൈബോ ജയിൽ 1958-ലാണ് തുറന്നത്. 1994ൽ രാജ്യത്തെ ഏറ്റവും രക്തരൂഷിതമായ ജയിൽ കൂട്ടക്കൊല നടന്നതിവിടെയാണ്. എതിർസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു. ഇവിടെ വംശീയ സംഘർഷങ്ങളും പതിവാണ്. അഴിമതിയുടെ കൂത്തരങ്ങായ സർക്കാർ സംവിധാനം കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു.
Leader Page
അന്തസോടും സ്വാതന്ത്ര്യത്തോടും കൂടെ ജീവിക്കാനുള്ള അഭിവാഞ്ഛയുമായാണ് ഓരോ മനുഷ്യനും ഭൂമിയിൽ പിറക്കുന്നത്. ജന്മസിദ്ധമായി മനുഷ്യൻ കൈയാളുന്ന അവകാശങ്ങൾ ആർക്കും നിഷേധിക്കാനോ എടുത്തുമാറ്റാനോ സാധിക്കാത്തവിധം മനുഷ്യത്വത്തിൽ അവ അന്തർലീനമായിരിക്കുകയാണ്. ഇച്ഛാനുസരണം സ്വജീവിതം കരുപ്പിടിപ്പിക്കാനും സർവസ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും നിർഭയം ജീവിക്കാനും പിറവി മുതൽക്കേ മനുഷ്യനു നല്കപ്പെട്ട സുരക്ഷാകവചമാണ് മനുഷ്യാവകാശം. പൊതുമാനവികതയുടെ സ്വഭാവമായതിനാൽ ലോകമെങ്ങുമുള്ള മനുഷ്യർ ഒരേ മനുഷ്യാവകാശത്തിലാണ് പങ്കുപറ്റുക.
ശാസ്ത്ര-സാങ്കേതിക-ഭൗതിക മേഖലകൾ അവിശ്വസനീയവും അഭൂതപൂർവവുമായ വികാസ കുതിച്ചുചാട്ടം നടത്തുമ്പോഴും രാജ്യങ്ങൾക്കിടയിൽ വൈരവും രക്തച്ചൊരിച്ചിലുകളും ഭീകരാക്രമണങ്ങളും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രാജ്യങ്ങൾക്കുള്ളിലും പുറത്തും നടക്കുന്ന മനുഷ്യത്വരഹിത ദുഷ്ചെയ്തികൾക്കെതിരേ ഇടപെടാനോ സ്വരമുയർത്താനോ ഒരു രാജ്യത്തിനോ അന്താരാഷ്ട്ര സംഘടനകൾക്കോ അധികാരമില്ല.
സ്വേച്ഛാധിപത്യവും ഏകാധിപത്യവും മനുഷ്യാവകാശങ്ങൾക്ക് ഒരു പരിഗണനയും നല്‍കുന്നില്ല. ലോകത്തെ പിളർത്തിയ രണ്ടാം ലോകയുദ്ധകാലത്ത് നടന്ന പൈശാചികമായ അരുംകൊലകളും അതിക്രമങ്ങളും മനുഷ്യത്വത്തെ ചവിട്ടിമെതിച്ച ക്രൂരതകളും ലോകമനഃസാക്ഷിയെ ഞെട്ടിച്ചു. അതോടെ മനഷ്യാവകാശങ്ങളെക്കുറിച്ചുള്ള ചിന്തകൾക്ക് പുനർജീവനുണ്ടായി. 1948 ഡിസംബർ പത്തിന് ഐക്യരാഷ്ട്രസഭയുടെ പാരീസിലെ സമ്മേളനത്തിൽ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം നടത്തി. ഈ സുപ്രധാന ദിനത്തിന്റെ ഓർമ നിലനിർത്താനായി എല്ലാ വർഷവും ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ചു.
ദിനാചരണ ലക്ഷ്യം
ജാതി, മതം, നിറം, സ്ത്രീപുരുഷഭേദം, ഭാഷ, വംശം, കുലം, സ്വത്ത്, രാഷ്ട്രീയം, പദവികൾ എന്നിവകൾക്കതീതമായി മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ജാഗ്രത പുലർത്തുക; സംരക്ഷണ നടപടികൾ ആസൂത്രണം ചെയ്യാനും ജനങ്ങളെ ഉണർത്താനും രാഷ്ട്രാധികാരികളെയും സമൂഹത്തെയും അനുസ്മരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നിവയാണ് ദിനാചരണംകൊണ്ടുദ്ദേശിക്കുന്നത്. ‘മനുഷ്യാവകാശങ്ങൾ നമ്മുടെ ദൈനിക ആവശ്യങ്ങൾ’ എന്നതാണ് ഈ വർഷത്തെ പ്രഖ്യാപിത പ്രമേയം. എല്ലാ ദിവസവും നാം ആശ്രയിക്കുന്ന ആവശ്യങ്ങളാണ് മനുഷ്യാവകാശങ്ങൾ എന്നാണ് പ്രമേയം നല്കുന്ന സന്ദേശം.
ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ഭക്ഷണം, പാർപ്പിടം, വസ്ത്രം, വായു, വാക്കുകൾ, ജോലികൾ, ചെറിയ സംഭവങ്ങൾ, പരസ്പരബന്ധങ്ങൾ തുടങ്ങിയ അനുദിന കാര്യങ്ങളുമായി മനുഷ്യാവകാശങ്ങൾ ഇഴുകിച്ചേർന്നു നില്ക്കുന്നു എന്ന യാഥാർഥ്യത്തിന്റെ ഓർമപ്പെടുത്തലാണ് ഈ ദിന പ്രമേയത്തിന്റെ കാതൽ. മറ്റുള്ളവരോടു തികഞ്ഞ ആദരം സൂക്ഷിച്ച് പെരുമാറുക; അനീതിക്കും അഴിമതിക്കും എതിരേ ശക്തമായി പ്രതികരിക്കുക; സമൂഹത്തിലെ തിരസ്കൃതർക്കും നിസ്വർക്കും വേണ്ടി സ്വരമുയർത്തുക തുടങ്ങി മനുഷ്യബന്ധങ്ങളെ ഊഷ്മളമാക്കുന്ന ദൈനംദിന ജീവിത തീരുമാനങ്ങളിലും തെരഞ്ഞെടുപ്പുകളിലുമെല്ലാം മനുഷ്യാവകാശം അനുദിന ജീവിതത്തിന്റെ അവശ്യഭാഗമായിത്തീരുന്നു.
മനുഷ്യാവകാശ നിർവചനം
പാർപ്പിടം, ഭക്ഷണം, വസ്ത്രം എന്നിവ ഉറപ്പാക്കിയും സ്വകാര്യതാ സംരക്ഷണം, സ്വത്ത് സമ്പാദനം, മതാചരണം, അഭിപ്രായപ്രകടനം, വിദ്യാഭ്യാസ നിർവഹണം എന്നിവ അന്തസോടെയും തുല്യതയോടെയും സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും അനുഭവിച്ചു ജീവിക്കാൻ ഓരോ മനുഷ്യനിലും അന്തർലീനമായിരിക്കുന്ന സ്വാതന്ത്ര്യത്തെ മനുഷ്യാവകാശമെന്നു വിളിക്കാം. വാർധക്യം, വൈധവ്യം, ശാരീരിക മാനസിക ബലഹീനതകൾ ഉൾപ്പെടെയുള്ള അവശതകൾ എന്നീ അവസ്ഥകളിൽ ലഭിക്കേണ്ട സംരക്ഷണം, നിയമത്തിനുള്ള സംരക്ഷണം, കുറ്റവാളി എന്നു തെളിയിക്കപ്പെടുന്നതുവരെയും നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായി തടങ്കലിൽ പാർപ്പിക്കില്ലെന്ന ഉറപ്പ് - ഇവയെല്ലാം അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് മനുഷ്യാവകാശമായി നിർവചിക്കപ്പെടുന്നു.
2010ൽ ഐക്യരാഷ്ട്ര പൊതുസഭ “സുരക്ഷിതവും ശുദ്ധവുമായ കുടിവെള്ളത്തിനും ശുചിത്വത്തിനുമുള്ള അവകാശം ജീവിതത്തിന്റെ പൂർണ ആസ്വാദനത്തിനും എല്ലാ മനുഷ്യാവകാശങ്ങൾക്കും അത്യാവശ്യമാണ്”എന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തി.
സമത്വം, സ്വാതന്ത്ര്യം, മതം, വിദ്യാഭ്യാസം, തൊഴിൽ, അഭിപ്രായം, ചൂഷണമുക്തി - ഇങ്ങനെ ഏഴ് ആവശ്യങ്ങളെ അടിസ്ഥാന മനുഷ്യാവകാശങ്ങളായി അന്താരാഷ്ട്ര സമൂഹം സ്വീകരിച്ചിരിക്കുന്നു. ഇവയിൽനിന്നുത്ഭവിക്കുന്ന അവകാശങ്ങളുടെ പിരിവുകളുമുണ്ട്.
ജന്മസിദ്ധമായ മനുഷ്യാന്തസും സമാവകാശങ്ങളും ലോകമെമ്പാടും നീതിയും സമാധാനവും സ്വാതന്ത്ര്യവും ഉറപ്പാക്കാൻ അടിസ്ഥാന ഘടകങ്ങളാണെന്നും മനുഷ്യാവകാശങ്ങളെ മാനിക്കാത്തതിനാൽ നടക്കുന്ന ക്രൂരതകളിൽനിന്നു വിമുക്തമായ ഒരു നവലോകം ഉരുവാക്കാനും രാഷ്ട്രങ്ങൾ തമ്മിൽ സൗഹൃദം പുലർത്താനും മനുഷ്യാവകാശങ്ങൾ കൂടിയേ തീരൂ എന്നുമുള്ള ഐക്യരാഷ്ട്രസഭാംഗ രാജ്യങ്ങളുടെ സാർവത്രിക പ്രഖ്യാപനം രാഷ്ട്രങ്ങൾക്കുള്ള പ്രമാണരേഖയാണ്. പിന്നീടിത് അന്താരാഷ്ട്ര ഉടമ്പടിയുടെ ഭാഗമായി തീർന്നു. ഓരോ രാജ്യത്തിന്റെയും മനുഷ്യാവകാശ രേഖയായി ക്രമേണ അംഗീകരിക്കപ്പെടുകയും ചെയ്തു.
മനുഷ്യാവകാശ ധ്വംസനങ്ങൾ
വ്യക്തികൾക്കോ സംഘടനകൾക്കോ അർഹമായ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്നതും അവകാശസംരക്ഷണ ഉത്തരവാദിത്വങ്ങളിൽ ഭരണകൂടത്തിന് വീഴ്ച ഉണ്ടാകുന്നതും മനുഷ്യാവകാശ ലംഘനമായി കണക്കാക്കപ്പെടുന്നു. ഇരകൾ ദുർബലരോ നിസഹായരോ ആകുമ്പോൾ ഗൗരവം വർധിക്കുന്നു. ഇക്കാലത്ത് മനുഷ്യാവകാശ ധ്വംസനങ്ങൾ പെരുകിവരുന്നത് ആരും ഗൗരവമായി കാണുന്നില്ല. കുടിവെള്ളവിതരണവീഴ്ച, ശുചിത്വപാലനത്തിലെ അശ്രദ്ധ, പട്ടിണി തടയുന്നതിലെ പരാജയം തുടങ്ങിയവ മനുഷ്യാവകാശലംഘനങ്ങളാണോ എന്നുപോലും അധികാരികൾക്ക് തിരിച്ചറിയാൻ കഴിയുന്നില്ല.
ഗാർഹിക പീഡനങ്ങളും കുട്ടികൾ ഉൾപ്പെടെയുള്ളവർ നേരിടുന്ന ലൈംഗിക പീഡനങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള മനുഷ്യാവകാശലംഘനങ്ങളാണ്. ജാതി, വംശ അടിസ്ഥാനത്തിലുള്ള അവഗണന, പുറംതള്ളൽ, ആക്ഷേപങ്ങൾ തുടങ്ങിയവ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ പരിധിയിൽപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങൾ, രക്തച്ചൊരിച്ചിലുകൾ, ഭീകരാക്രമണങ്ങൾ, വംശീയ കലാപങ്ങൾ തുടങ്ങിയവ മൂലം എത്രയെത്ര ലക്ഷം നിരപരാധികളുടെ മനുഷ്യാവകാശങ്ങൾ ഞെരുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ മനുഷ്യാവകാശങ്ങളുടെ വ്യാപ്തി എത്രത്തോളമെന്നു തിരിച്ചറിയേണ്ടതുണ്ട്. ജന്മാവകാശമായ മനുഷ്യാവകാശം നമ്മുടെ ജീവന്റെയും ജീവിതത്തിന്റെയും രക്ഷാകവചവും കാവലാളുകളുമാണെന്ന് ഓർമിപ്പിക്കുന്ന ദിനമാണിന്ന്.
District News
കാസർഗോഡ്: അനന്തപുരം വ്യവസായ പാർക്കിലെ സ്ഥാപനങ്ങളിൽ നിന്നും ദുർഗന്ധം വമിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളിൽ നിന്നും പരാതിയുണ്ടായാൽ മലിനീകരണ നിയന്ത്രണ ഡിന്റെ ജില്ലാ എൻവയോൺമെന്റൽ എൻജിനിയർ അടിയന്തിരമായി ഇടപെട്ട് നിയമാനുസൃതമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകി.
90 ശതമാനം ചലനശേഷി നഷ്ടപ്പെട്ട കുമ്പള സ്വദേശി എ. സുധീഷ് സമർപ്പിച്ച പരാതിയിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മേയ് 15ന് മനുഷ്യാവകാശ കമ്മീഷൻ നൽകിയ ഉത്തരവിൽ ഇവിടെ ദുർഗന്ധമുണ്ടാകാതിരിക്കാൻ രണ്ടു മാസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിരുന്നു.
എന്നാൽ ദുർഗന്ധത്തിന് ഒരു ശമനവുമില്ലെന്ന് പരാതിക്കാരൻ വീണ്ടും കമ്മീഷനെ അറിയിച്ചു. തുടർന്ന് ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എൻവയോൺമെന്റൽ എൻജിനിയറോട് കമ്മീഷൻ ആവശ്യപ്പെടുകയായിരുന്നു.
റെഡ് കാറ്റഗറിയിലാണ് വ്യവസായ പാർക്ക് പ്രവർത്തിക്കുന്നതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കമ്മീഷനെ അറിയിച്ചു.
ദുർഗന്ധത്തിന്റെ അളവ് നിശ്ചയിക്കാൻ ബോർഡ് ശാസ്ത്രീയ മാനദണ്ഡങ്ങൾ തയാറാക്കിയിട്ടില്ല. ദുർഗന്ധം ശമിക്കുന്നതിനായി ഏർപ്പെടുത്തിയ ബയോ ഫിൽട്ടർ, കൺഡൻസർ മുതലായവ കൃത്യമായി പ്രവർത്തിക്കാതിരുന്നാൽ ദുർഗന്ധം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ വ്യവസായ യൂണിറ്റിലെ വിവിധ സ്ഥാപനങ്ങൾ നിലവിലുള്ള കുറവുകൾ പരിഹരിച്ചിട്ടുണ്ടെന്നും നിലവിൽ പരാതിയൊന്നുമില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതോടെയാണ് വീണ്ടും പരാതി ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കാൻ കമ്മീഷൻ നിർദേശം നൽകിയത്.
International
കയ്റോ: അൽ-ഫാഷിർ നഗരം വിമത സായുധ സംഘമായ ആർഎസ്എഫ് പിടിച്ചെടുത്തതോടെ യുഎൻ മനുഷ്യാവകാശ കൗൺസിൽ അടിയന്തര യോഗം ചേരാൻ തീരുമാനു. നവംബർ 14 വ്യാഴാഴ്ച അടിയന്തര യോഗം ചേരുമെന്ന് അധികൃതർ വ്യക്തമാക്കി.
അൽ-ഫാഷിർ നഗരത്തിൽ മാത്രം നൂറിലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഡാർഫറിലെ സുഡാൻ സൈന്യത്തിന്റെ അവസാനത്തെ താവളമായിരുന്നു അൽ-ഫാഷിർ നഗരത്തിലേത്. റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് സൈനിക കേന്ദ്രം പിടിച്ചെടുത്തത് രണ്ടര വർഷത്തിലേറെ നീണ്ട ആഭ്യന്തര യുദ്ധത്തിലെ നിർണായക സംഭവമായി മാറി.
ബ്രിട്ടൻ, അയർലൻഡ്, ജർമ്മനി, നെതർലാൻഡ്സ്, നോർവേ എന്നീ രാജ്യങ്ങൾ ചേർന്ന് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തെ 50ലധികം രാജ്യങ്ങളാണ് പിന്തുണച്ചത്. സാധാരണക്കാരുൾപ്പെടെ ഒട്ടേറെ പേർ രാജ്യത്ത് കൊല്ലപ്പെട്ടിരിക്കാമെന്നും യുഎന്നിന്റെ മനുഷ്യാവകാശ കൗൺസിൽ ഓഫീസ് അറിയിച്ചു.
District News
മലപ്പുറം : മേലധികാരികൾ തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്നവരോട് ഫ്യൂഡൽ മനോഭാവത്തിന് പകരം മനുഷ്യനാണെന്ന ബോധ്യത്തോടെ മനുഷ്യാവകാശം സംരക്ഷിക്കുന്ന തരത്തിൽ പെരുമാറണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ചെറിയമുണ്ടം ഗവണ്മെന്റ് ഐടിഐ പ്രിൻസിപ്പലിനെതിരായ കേസിന്റെ ഉത്തരവിലാണ് കമ്മീഷന്റെ നിരീക്ഷണം.
ചെറിയമുണ്ടം ഐടിഐയിൽ നിന്ന് സ്ഥലം മാറ്റിയ പ്രിൻസിപ്പലിന്റെ ഭാഗത്ത് നിന്ന് മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ ആവർത്തിക്കുകയാണെങ്കിൽ ട്രെയിനിംഗ് ഡയറക്ടർ കർശനവും മാതൃകാപരവുമായ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
മുൻ പ്രിൻസിപ്പൽ തന്റെ രക്ഷിതാക്കളെ അപമാനിച്ച് പരസ്യമായി സംസാരിച്ചുവെന്ന് ആരോപിച്ച് ജീവനക്കാരൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പ്രിൻസിപ്പലിന്റെ നടപടി പരാതിക്കാരന്റെ അഭിമാനക്ഷതത്തിനും മാനസിക പീഡനത്തിനും കാരണമായെന്നും അതിലൂടെ അന്തസോടെ ജോലി ചെയ്യാനുള്ള മനുഷ്യാവകാശം ലംഘിക്കപ്പെട്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. സഹപ്രവർത്തകരെ വികാരവും വിചാരവുമുള്ള മനുഷ്യരായി പരിഗണിക്കാനുള്ള സന്നദ്ധത പ്രിൻസിപ്പലിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാറില്ലെന്ന് വ്യവസായിക പരിശീലന വകുപ്പ് ട്രെയിനിംഗ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിന്ന് സ്പഷ്ടമാകുന്നുണ്ട്.
ജീവനക്കാരോട് മേലുദ്യോഗസ്ഥൻ മനുഷ്യത്വത്തോടെ പെരുമാറണമെന്നാണ് ഭരണഘടനയും മനുഷ്യാവകാശ സംരക്ഷണനിയമങ്ങളും നിർദേശിക്കുന്നതെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
ഇത്തരം പരാതികളിൽ വകുപ്പ് മേധാവികൾ യഥാസമയം നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ പരാതിക്കാർക്ക് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കേണ്ടി വരില്ലായിരുന്നു. എതിർകക്ഷിയായ പ്രിൻസിപ്പലിനെതിരെ വകുപ്പുതല ശിക്ഷണ നടപടികൾ ഇതിനകം സ്വീകരിച്ച സാഹചര്യത്തിൽ പരാതിയിൽ കമ്മീഷൻ തുടർനടപടികൾ നിർദേശിച്ചില്ല. ഉത്തരവ് വ്യാവസായിക പരിശീലന വകുപ്പ് ട്രെയിനിംഗ് ഡയറക്ടർക്ക് അയച്ചു.